ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിയറ്റ്നാമീസ് കാർ നിർമാതാക്കളായ വിൻഫാസ്റ്റ്. വിഎഫ് എംപിവി 7 എന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമാണ് പുറത്തിറക്കിയത്. 24.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിയ കാരെൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7, മഹീന്ദ്ര എക്സ്ഇവി 9എസ് തുടങ്ങിയവ ഉൾപ്പെടുന്ന എംപിവി സെഗ്‌മെന്റിലേക്കാണ് വിഎഫ് എംപിവി 7ന്റെ വരവ്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എംപിവികളിൽ ഉയർന്ന റേഞ്ചാണ് വിഎഫ് എംപിവി 7 വാഗ്ദാനം നൽകുന്നത്. 517 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. 60.13 കിലോവാട്ട് ബാറ്ററി പാക്കാണ് മോഡലിൽ നൽകിയിരിക്കുന്നത്. VF MPV 7 80kW വരെ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് 30 മിനിറ്റിനുള്ളിൽ 10-70 ശതമാനം ചാർജ് ചെയ്യാൻ അനുവദിക്കുന്നു. വാഹനത്തിനൊപ്പം 3.5kW പോർട്ടബിൾ ചാർജറും വിൻഫാസ്റ്റ് വാഗ്ദാനം ചെയ്യുന്നു.
