തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്. . പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്.
