ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (ക്യുഐഡി) കാർഡ് ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ് അറിയിച്ചു.പ്രത്യേക സർക്കുലർ വഴിയാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ആരോഗ്യ സേവനങ്ങൾക്ക് നേരത്തെ അംഗീകരിച്ച ഫീസ് ഈടാക്കുന്നത് തുടരുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. ഖത്തർ ഐഡി (ക്യുഐഡി) കാർഡ് ഹാജരാക്കിയാൽ, അതാത് ആരോഗ്യ കേന്ദ്രങ്ങളിലെ സാങ്കേതിക സംവിധാനങ്ങൾ വഴി ഹെൽത്ത് കാർഡ് നമ്പർ പരിശോധിച്ചുറപ്പിക്കുകയും ആവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്യും. അതേസമയം,നേരത്തെയുള്ള ഹെൽത്ത് കാർഡ് പുതുക്കാനാവുമ്പോൾ നിശ്ചിത തുക അടച്ചാൽ മാത്രം മതിയാകുമെങ്കിലും പുതിയ ഹെൽത്ത് കാർഡുകൾ പ്രിന്റ് ചെയ്ത് നൽകില്ല. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും ഖത്തർ ഐഡി കാർഡുകൾ കരുതണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
