തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊലീസിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര തെളിവുകള്‍. മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ പണമിടപാട് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്നാണ് ഇ ഡി പറയുന്നത്. വീണ കുറിച്ചുവച്ച കണക്കുകള്‍ എന്ന പേരില്‍ ഇ ഡി ചൂണ്ടിക്കാട്ടുന്ന വിവരങ്ങളില്‍ കോടികളുടെ ഇടപാടുകളെക്കുറിച്ചാണ് പറയുന്നത്. ഈ രേഖകളുടെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് 85 ലക്ഷമെന്നാണ് രേഖയില്‍ പറയുന്നത്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം. റിയാസ് ഹവാല ഇടപാടിന് പേഴ്സണല്‍ സ്റ്റാഫുകളെ ഉപയോഗിച്ചെന്നും ഇ ഡി ആരോപിക്കുന്നുണ്ട്.
