കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വാഭാവിക മഴക്കാലമായ ‘വസ്മ്’ സീസൺ 16ന് ആരംഭിക്കുമെന്ന് അൽ- അജൈരി സയന്റിഫിക് സെന്റർ. മരുഭൂമിയിലെ കടുത്ത വേനലിനുശേഷം തണുപ്പും പുതുമയും പകരുന്ന സീസൺ 52 ദിവസം നീണ്ടുനിൽക്കും. കുവൈത്തിലെ പ്രകൃതിജീവിതത്തിന് പുതുജീവൻ പകരുന്ന നിർണായക കാലഘട്ടങ്ങളിലൊന്നാണിത്. വസ്മ് സീസൺ ആരംഭിക്കുന്നത് പ്രകൃതിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കർഷകർക്കും യാത്രക്കാർക്കും സമാനമായി ആശ്വാസം പകരുന്ന ഈ കാലം, കുവൈത്തിലെ പ്രകൃതിയുടെ പുതുജന്മത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
