കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി വഴി പോയ 36 പേരുടെ സംഘമാണ് സുരക്ഷിത സ്ഥലത്ത് എത്തിയത്.മിന്നൽ പ്രളയമുണ്ടായതിന് സമീപം ഇന്നലെ 6 മണിക്കൂർ റോഡിൽ കുടുങ്ങിയിരുന്നു. രണ്ട് ട്രാവലറുകളിലായിട്ടാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. ഈ മാസം 23നാണ് യാത്രാ സംഘം നേപ്പാളിലെത്തിയത്. 29 ന് കേരളത്തിലേക്ക് മടങ്ങും.
