ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതി പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായി നടപടി സ്വീകരിച്ചിട്ടുള്ളതായി കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന നടപടി കമ്പനി അറിയിച്ചത്. ഇതിനു പിന്നാലെ ചില ജീവനക്കാര്‍ക്ക് ഉടന്‍ എക്‌സിറ്റ് ലെറ്റര്‍ നല്‍കിയെങ്കിലും മറ്റുചിലര്‍ക്ക് ഡിസംബര്‍ 15 വരെ കമ്പനിയില്‍ തുടരാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് കമ്പനിക്കുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനാണ് ഇവരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
