തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

Breaking

തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ നഗരാതിര്‍ത്തിയിലെ വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നീ ഒന്പത് ടീമുകളാണ് പുലികളിക്കെത്തുക. വരയന്‍ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികള്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും അണിനിരക്കും. വിയ്യൂര്‍ ദേശമാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *