കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ലെന്ന് കേന്ദ്രം. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്. പി എം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി എം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. പിഎം ശ്രീ നടപ്പാക്കാത്ത കേരളം തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ പദ്ധതിയിൽ തുക നൽകിയെന്ന് ജയന്ത് ചൗധരി വിശദമാക്കി.
