മോദി വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഐഎം ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു. ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ അവിടെ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു അറിയിപ്പ് ലഭിക്കാഞ്ഞിട്ടും അവിടെ പൊലീസിനെ അയച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
