കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്. കുടഞ്ഞെറിയുന്ന ഏതു ദുരന്തവും ആഞ്ഞടിക്കുന്ന ഏതു രാക്ഷസ തിരകളും മൂന്നാം പക്കമോ നാലാം പക്കമോ ഇരകളോട് നീതി കാണിക്കും. ജീവനെടുത്തിട്ടൊടുവില്‍ ശരീരങ്ങളെ ഉറ്റവര്‍ക്ക് വിട്ടുകൊടുക്കും. പക്ഷേ വയനാടിന്റെ കാര്യത്തില്‍ പ്രകൃതി ആ പ്രായശ്ചിത്തം ചെയ്തില്ല. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പേരിനൊരു ഉടല് മാത്രം ലഭിച്ചവരേറെ. പൂര്‍ണ ശരീരങ്ങളെ മണ്ണിനു വിട്ടു കൊടുത്ത് അടയാളങ്ങള്‍ മാത്രം വച്ച് ഖബറടക്കപ്പെട്ടവര്‍, അന്ത്യകൂദാശ ഏറ്റുവാങ്ങിയവര്‍, സംസ്കരിക്കപ്പെട്ടവര്‍… ഒരു കുഞ്ഞുടലിനെ തിരിച്ചറിഞ്ഞത് അവളുടെ കരിവളയിട്ട കൈകള്‍ കണ്ടാണത്രേ.
