കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തൃക്കൊടിത്താനം ആരമല ഭാഗത്ത് മറ്റക്കാട്ട് പറമ്പിൽ വീട്ടിൽ ശശിധരൻ മകൻ പല്ലൻ പ്രതീഷ് എന്ന് വിളിക്കുന്ന പ്രതീഷ് (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി തൃക്കൊടിത്താനം, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.