മദ്യപിച്ച് ബൈക്കോടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തില്ല; തൃശൂരിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Breaking Kerala

തൃശ്ശൂർ: മദ്യപിച്ച് ബൈക്കോടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂന്നു പേരെയും സസ്പെന്റ് ചെയ്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

മദ്യപിച്ച് പരിധി വിട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിചെങ്കിലും ഇയാൾക്ക് കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. തുടർന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. യുവാവ് തിരികെ ബാറിൽ കയറി മറ്റൊരാൾക്കൊപ്പം മദ്യപിച്ചു. പണം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒപ്പം മദ്യപിച്ചയാൾ യുവാവിന്റെ ഫോണും പേഴ്സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയിൽ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തിൽ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനിൽ ഹാജരായ യുവാവ് ബാഗ് നഷ്ടപ്പെട്ടതിൽ പരാതി നൽകിയിരുന്നു. ബാഗ് രാവിലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഈ സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ താൻ വാഹനമോടിച്ചിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. തുടർന്ന് യുവാവ് എസിപിയെ നേരിൽക്കണ്ട് പരാതി നൽകി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക ചട്ടങ്ങൾ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *