പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന് സമാനമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, പ്രസ്താവനക്ക് അപ്പുറം വിഷയത്തിൽ വിശദമായ ചർച്ച വേണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ ലോക്സഭാ ശബ്ദകോട്ടോടെ പാസാക്കിയ ട്രാൻസ്ജെൻഡർ വ്യക്തിത്വ അവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ചർച്ചയ്ക്ക് വരും. കേന്ദ്ര സായുധ പൊലീസ് നിയമ ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും.
