തിരുവനന്തപുരം:പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. തല്ലിയതിന്റെ പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. പോത്തൻകോടാണ് സംഭവം. മാതാവ് ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം നടത്തിയത്. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം വായിൽ തുണി കുത്തി കയറ്റി, കമഴ്ത്തി കിടത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.
പൊലീസ് എത്തി ഇവരെ പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തി മകൻ ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് എത്തി വാതിൽ ചവിട്ടി പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപന കാരണമെന്ന് അച്ഛൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ നിരവധി തവണ കുത്തി. എന്നാൽ പിതാവ് കുതറിമാറുകയും പുറത്തേക്കിറങ്ങി നിലവിളിച്ചോടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.