തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്പോർട് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡൽ അതോറിറ്റികളോട് സുപ്രീംകോടതി നിർദേശിച്ചു.
