കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എസ്പിസി ദിനാഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
പോലീസ് സ്റ്റേഷൻ പാറാവ് മുതൽ, ഫ്രണ്ട് ഓഫീസ്, പി.ആർ.ഒ ഓഫീസ്, റൈറ്റർമാരുടെ ജോലികൾ, സ്റ്റേഷൻ സെല്ല്, വയർലെസ് സംവിധാനങ്ങൾ, ഓഫീസുകൾ, സിസിടിവി ദൃശ്യങ്ങൾ, സ്റ്റേഷനിലെ റിവോൾവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ തുടങ്ങിയവ എല്ലാം കണ്ടത് കുട്ടികൾക്ക് നവ്യാനുഭവമായി.
കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് ചെറിയാന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജയകുമാർ പി.ജി, സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്കൂളിൽ നിന്ന് എത്തിയ കേഡറ്റുകളെയും, അധ്യാപകരെയും, ജനപ്രതിനിധികളെയും, മാതാപിതാക്കളെയും പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും, അവ നിറവേറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അടുത്തറിയുവാൻ സാധിച്ചു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിൽ വെച്ച നടന്ന പതാക ഉയർത്തൽ ചടങ്ങ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് നിർവഹിച്ചു.
സ്കൂൾ മാനേജർ എബ്രഹാം പറമ്പേട്ട് എസ്.പി.സി ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ സീമ സൈമൺ എസ്.പി.സി കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രധാന അധ്യാപിക സുജ മേരി തോമസ്, പി.ടി.എ പ്രസിഡന്റ് ജിയോ കുന്നശേരിൽ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിനോ തോമസ്, ബിൻസി മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജോയൽ ജോസഫ് പരേഡ് കമാൻഡർ ആയി പ്രവർത്തിച്ചു.