ന്യൂഡൽഹി: ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്ക് കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാരുണ്ടെന്നാണ് വിവരം. അറബിക്കടലിലെ സൊമാലിയൻ തീരത്തുവച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. വിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ മേഖലയിലേക്ക് തിരിച്ചു. കപ്പലിലേക്ക് സായുധരായ ആറ് പേർ അതിക്രമിച്ചു കയറിയെന്ന സന്ദേശമായിരുന്നു നാവികസേനയ്‌ക്ക് ലഭിച്ചത്. കപ്പലിലുള്ളവരുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ നാവികർക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
