കൊച്ചി: യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ നിർദേശം. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ കോടതിയെ അറിയിച്ചു.
ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിനായി മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകമാവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.