ബെനോലിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽ കേരളം തുടക്കം കുറിച്ചത് തകർപ്പൻ ജയത്തോടെ. ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജമ്മു കാശ്മീരിനെ 2-1ന് കീഴടക്കിയിന്റെ ആത്മവിശ്വാസത്തിലെത്തിയ ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.
കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ നായകൻ നിജോ ഗിൽബർട്ടും വലകുലുക്കി. ആദ്യ കളിയിൽ ജമ്മു കശ്മീരിനെ തോൽപ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം പുലർത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ട കേരളം ആദ്യ 36 മിനിറ്റിൽ തന്നെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി. 12-ാം മിനിറ്റിൽ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്. പിന്നാലെ 33-ാം മിനിറ്റിൽ അക്ബർ വീണ്ടും ഗോളടിച്ച് കേരളത്തിന്റെ ലീഡ് വർധിപ്പിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം 36-ാം മിനിറ്റിൽ നായകൻ നിജോ ഗിൽബർട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് തുടക്കത്തിൽ തന്നെ പതറി. ആദ്യ പകുതിയിൽ കേരളം ഈ ലീഡ് നിലനിർത്തി.