കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിലും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഹൈക്കോടതി. കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ ഒരുമാസത്തിനകം നീക്കണമെന്ന ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
കൊച്ചി മെട്രോ റെയിൽ കാക്കനാട് പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് അനധികൃതമായി ആളുകൾ മാലിന്യം തളളിയിരുന്നത്.
അധികാരപരിധിയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിൽപ്പോലും അത് നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് ചുമതലയുണ്ടെന്നും കോടതി വ്യക്തമാക്കി.