തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാർത്തയിൽ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ചെന്നിത്തലയുടെ സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തും. രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിലെ ആരും മോശക്കാരല്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാം. ഞങ്ങളുടെ അടുക്കളക്കാര്യത്തിൽ ആരും ഇടപെടേണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഉദയ്പൂര്‍ ചിന്ദൻ ശിബിരിൽ വെച്ച് തീരുമാനിച്ചതനുസരിച്ച് 50 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പിന്നോക്ക പട്ടിക ജാതി, പട്ടിക വര്‍ഗ ന്യൂനപക്ഷ സമുദായത്തില്പ്പെട്ടവരായിരിക്കണമെന്നുള്ള തീരുമാനം അക്ഷരം പ്രതി പാലിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പരിണിത പ്രജ്ഞരായിട്ടുള്ള നേതാക്കളുണ്ട്. പാർട്ടിയിൽ പുതുമുഖങ്ങള്‍ വേണ്ടിവരും, മറ്റു സമവാക്യങ്ങള്‍ തേടേണ്ടിവരും, ഇതെല്ലാം തേടിവരുമ്പോഴുള്ള കാര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.