ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ബയോ മാറ്റി ആം ആദ്മി എംപി രാഘവ് ഛദ്ദ. ‘പുറത്താക്കപ്പെട്ട രാജ്യസഭാംഗം’ എന്നാണ് ബയോ മാറ്റിയത്. നിയമലംഘനം, മോശം പെരുമാറ്റം, ധിക്കാര മനോഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഡൽഹി ഓർഡിനൻസിനെ എതിർത്ത് നൽകിയ പ്രമേയത്തിൽ എം പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്നതാണ് രാഘവ് ഛദ്ദക്കെതിരെയുള്ള ആരോപണം. എംപിമാരായ സസ്മിത് പത്ര, എസ് ഫങ്നോൺ കൊന്യാക്, എം തുമ്പിദുരൈ, നർഹരി അമിൻ എന്നിവരാണ് രാഘവ് ഛദ്ദക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നത് വരെയാണ് സസ്പെൻഡ് കാലാവധി.