പാലക്കാട്: ശാസ്ത്രഭാവിയെക്കുറിച്ച് പുതുതലമുറയുടെ ചിന്തകൾ ഏതു ദിശയിലാണെന്നു വെളിപ്പെടുത്തുന്ന നാലു പകലുകൾക്ക് പാലക്കാട്ട് വെള്ളിയാഴ്ച തിരി തെളിയുന്നു. ഇനി ഇവിടെ ശാസ്ത്രചിന്തകളും അറിവുകളും മാറ്റുരയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പ്രധാനവേദിയായ ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. 500 പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുക. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
