കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി ആരോപണം. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ (52) യ്ക്ക് ആണ് ജോലി നഷ്ടമായത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനൽ പ്രതികരണം തേടിയപ്പോഴാണ് ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സതിയമ്മ സംസാരിച്ചത്. ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് നൽകുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്ന് സതിയമ്മ പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ ചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. ഞായറാഴ്ച ചാനൽ ഇത് സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു.