കണ്ണൂർ ദന്തൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ബന്ധുക്കൾ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. മകന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുക. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി യുവജന സംഘടനകൾ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയി.
