ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കാൻ തീരുമാനം. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രീതിയിൽ പാർക്ക് ചെയ്തു കാണിക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. അതിനായി 5 ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്നാണ് സ്കൂളുകാർ പറയുന്നത്.