ഇടുക്കി: മൂന്നാർ മേഖലയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള അനധികൃത നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു. പള്ളിവാസൽ, മൂന്നാർ, കെ.ഡി.എച്ച്., ദേവികുളം വില്ലേജുകളിലാണ് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങളും ഭൂമി കൈയേറ്റവും നടക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ പണി പൂർത്തിയാക്കിയിട്ടുള്ളതായാണ് സൂചന. നിരവധി കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃത കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതെന്നും ആരോപണമുണ്ട്. പ്രദേശത്ത് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഹൈക്കോടതി നിർദേശം അവഗണിച്ചാണ് ഏഴ് നിലവരെയുള്ള കെട്ടിടങ്ങൾ പണിതുയർത്തുന്നത്. ഇക്കാനഗർ, പഴയമൂന്നാർ എന്നിവിടങ്ങളിലായി നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ പണിപൂർത്തിയാക്കിയിട്ടുള്ളത്. ഒരു വർഷത്തിനിടെ മൂന്നാർ മേഖലയിൽ നൂറിലധികം കെട്ടിടങ്ങൾ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിർമാണം പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് സൂചന.