പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തുവാൻ ദേശീയ ആരോഗ്യ മിഷ്യൻ രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. വാസുദേവൻ നായർ അറിയിച്ചു. നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രാവിലെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളത്. എന്നാൽ ഫാമിലി ഹെൽത്ത് സെൻ്റർ ആയി ഉയർത്തിയാൽ ആവശ്യമെങ്കിൽ ഉച്ചക്ക് ശേഷവും ഒ.പി സേവനം നൽകുന്ന രീതിയിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും. ഇപ്പോൾ ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ മാറ്റിയ ശേഷമായിരിക്കും അവിടെ പുതിയ ആശുപത്രി നിർമ്മിക്കുക. ഇതിനായി പ്രവർത്തനങ്ങൾ പെരുവ പിറവം റോഡിൽ ബോയിസ് ഹൈസ്കൂളിന് എതിർ വശത്തുള്ള വിജി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നടപടി തുടങ്ങിയതായി പഞ്ചായത്തു പ്രസിഡൻ്റ് അറിയിച്ചു. എൻ. എച്ച്. ആർ.എം. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. നിലവിലെ ആശുപത്രി മാറ്റി സ്ഥലം ക്രമീകരിച്ചു കൊടുത്താൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ വാസുദേവൻ നായർ, വാർഡംഗം ശില്പദാസ്, ഡോ.മാമ്മൻ പി ചെറിയാൻ, എൻ.എച്. എം.എൻജിനീയർ ശ്രീ. സൂരജ് ബി., ഡോ.പ്രശാന്ത് എ. എം. എന്നിവരും ഉണ്ടായിരുന്നു.
