പെരുവ: ജനകീയ പ്രതികരണവേദി വിഭാവനം ചെയ്യുന്ന വിഷരഹിത ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാകുക, ഉപയോഗത്തിലൂടെ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി കേരള ജൈവ സമതി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുളക്കുളം പഞ്ചായത്ത് കർമ്മ സമിതി രൂപികരിച്ചു. രാജു തെകേക്കാലായുടെ വസതിയിൽ ചേർന്ന യോഗത്തിന് താലൂക്ക് പ്രസിഡൻ്റ് എബ്രാഹം തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.
മുളക്കുളം പഞ്ചായത്ത് കർമ്മ സമിതി കൺവീനറായി എ മാത്യുവിനേയും, ജോയിന്റ് കൺവീനറായി ബേബി കോയിക്കലിനേയും നിയമിച്ചു. ഉപദേശക സമതി അംഗങ്ങളായി എബ്രാഹം തോട്ടുപുറം, മുരളീധരൻ നായർ, രാമചന്ദ്രൻ പി.ടി, ലൂസി ജോർജ്ജ് എന്നിവരേയും കോഓഡിറ്ററായി രാജു തെക്കേക്കാലായേയും നിയമിച്ചു. അടുക്കളത്തോട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും, വിഷ രഹിത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വ്യക്തികൾ, റസിഡൻസ് അസ്സോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, സാമുദായിക സംഘടനകൾ, ക്ലബുകൾ, കുടുംബയോഗങ്ങൾ എന്നിവയുടെ സഹകരണം തേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഓരോ കുടുംബവും സ്വയം പര്യാപ്തമാകുന്നതിലൂടെ, ഓരോ പഞ്ചായത്തും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തിനായി എല്ലാവരുടേയും നിസീമമായ സഹകരണം തേടുന്നതിനായി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുന്നു.