മാവേലിക്കര: അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നിയന്ത്രണം വിട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞത്. വെൺമണി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വലിയ പറമ്പിൽ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡിൽ പനച്ചമൂട് ഭാഗത്ത് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞത്.
ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ശൈലേഷിന്റെ ഭാര്യ ആതിരയുടെ (35) മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അഞ്ചുപേർ അടങ്ങുന്ന സംഘമായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ ആതിരയുടെ ഭർത്താവിനെയും മറ്റൊരു മകളെയും ഓട്ടോ ഡ്രൈവറെയും രക്ഷപ്പെടുത്തിയിരുന്നു.