പത്തനംതിട്ട: കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തുന്ന അഭിലാഷി(43)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്.
തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു അഭിലാഷിന്റെ മൃതദേഹം. ശരീരത്തില്‍ മേല്‍മുണ്ടില്ലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍ നിലയില്‍നിന്ന് കാല്‍വഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി അഭിലാഷ് അമിതമായി മദ്യപിച്ച നിലയിലായിരുന്നു കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.