ഇടുക്കി: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് പാമ്ബാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു.
ഗീതു കൈ കൊണ്ട് ആക്രമണം തടഞ്ഞപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയ ഗീതുവിനെ പ്രതി പിന്തുടര്‍ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.
പ്രതി വിജിത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ മുൻപും ഇത്തരത്തില്‍ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ആരോപണം. 2019 ല്‍ സമീപത്തെ ഒരു വീട്ടില്‍ ഒളിഞ്ഞുനോക്കിയതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.