പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന് വേണ്ടായെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബവുമായി ആലോചിക്കാതെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. അഡ്വ. ജീവേഷും അഡ്വ. രാജേഷ് എന്‍ മേനോനും പ്രോസിക്യൂട്ടര്‍ ആകണമെന്നും മധുവിന്റെ അമ്മ മല്ലിയമ്മ ആവശ്യപ്പെട്ടു.
‘ഞങ്ങള്‍ തീരുമാനിച്ച് വച്ച പ്രോസിക്യൂട്ടര്‍ ആണ് രാജേഷ് എന്‍ മേനോന്. ആ വക്കീല്‍ കൊണ്ടാണ് വിധി വരെ ഉണ്ടായത്. സര്‍ക്കാരിന്റെ വക്കീലിനെയാണ് ഹൈക്കോടതിയില്‍ നിയമിച്ചിരിക്കുന്നത്.അങ്ങനെ നിയമിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. അത് വലുതായാലും ചെറുതായാലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന വക്കീലായിരിക്കണം’- മധുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.