തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം. ഷാജഹാൻ നടത്തും. പ്രഖ്യാപനം വന്നാലുടൻ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യുഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന. തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ നേടുമെന്നാണ് ബിജെപി നേതാവ് ബി. ഗോപാല കൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
