തിരുവനന്തപുരം : കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ആണെന്നും , ജീവനക്കാർക്ക് ശമ്പളമില്ല എന്നതും കുറേ കാലമായി കേള്‍ക്കുന്ന വാര്‍ത്തകളാണ് . മന്ത്രിമാരും സര്‍ക്കാരുകളും മാറി വന്നെങ്കിലും കെഎസ്ആര്‍ടിസിയുടെ ദുരിതം മാത്രം മാറിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ സൗജന്യം വാരിക്കോരി നല്കി ബസുകള്‍ ഓടുമ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം നഷ്ടക്കണക്ക് എന്ന ചോദ്യം എല്ലാ മലയാളികളും ഉന്നയിക്കുന്നതാണ്.
സ്വകാര്യ ബസ് മുതലാളിമാർ ഇത് ഏറ്റെടുക്കാൻ തയ്യാറായി രംഗത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള പദ്ധതിയും അവര്‍ അവതരിപ്പിച്ചു. അതും നടപ്പിലായില്ല.
നഷ്ടം കുറക്കാനും ജോലി ചെയ്യുന്നവർക് മാന്യമായ ജീവിതം നയിക്കാനുമുള്ള വളരെ സിംപിള്‍ പോളിസിയുമായിട്ടാണ് ഗണേഷ് കുമാറിന്റെ വരവ്. ഗണേഷ് കുമാര്‍ തന്റെ ചില പ്ലാനുകള്‍ സംബന്ധിച്ച് മീഡിയക്ക് നൽകിയ അഭിമുഖീകരണത്തിൽ വിശദീകരിച്ചു. അതില്‍ വ്യത്യസ്തമായതാണ് കുട്ടി ബസ്. 2001ലെ പദ്ധതി വീണ്ടും വരികയാണ്. കെഎസ്ആര്‍ടിസിയിലെ മിക്ക ബസുകളുംവളരെ കുറച്ചു യാത്രക്കാരുമായിട്ടാണ് യാത്ര ചെയ്യുന്നത്. ദീര്‍ഘ ദൂര ബസുകളില്‍ ആളുകള്‍ തീരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്റെ കുട്ടി ബസ് ആശയം വന്നത്. ഇത് പ്രധാനമായും ഗ്രാമീണ മേഘലയെയാണ് ലക്ഷ്യമാക്കുന്നത് .
കുട്ടി ബസ് വീണ്ടും വരും. കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് മൂന്ന് കിലോമീറ്ററാണ്. പല റൂട്ടുകളിലും യാത്രക്കാര്‍ കുറവാണ്. ഗ്രാമീണ മേഖലയില്‍ നല്ല പുതിയ റോഡുകള്‍ നിരവധിയാണ്. ഇത്തരം സാധ്യതകളെല്ലാം പരിശോധിക്കുമ്പോള്‍ ചെറിയ ബസുകളാണ് നല്ലത്. ദീര്‍ഘദൂര ബസിലെ ജീവനക്കാര്‍ക്ക് ചെല്ലുന്നിടത്ത് വിശ്രമിക്കാന്‍ എസി സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഗൂഗിള്‍ പേ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്സഷന് കൂട്ടില്ല. പകരം വിദ്യാര്‍ഥികള്‍ മാത്രമേ കണ്സഷന് ആനുകൂല്യം ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളില്ലാത്ത അവധി ദിവസങ്ങളില്‍ കണ്സഷന് നല്‍കില്ല. ജീവനക്കാരെ വിശ്വാസ്യതയിലെടുത്ത് മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്നു.