കോട്ടയം: സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ രാജ്യത്തെ മൂന്നാമത്തെയും മെഡിക്കൽ കോളജ് ആയി ഇന്നലെ കോട്ടയം മാറി. പ്രധാന മൂന്ന് അവയവങ്ങൾ ഒരേ ദിവസം മാറ്റിവച്ചെന്ന തിളക്കം വേറെ. കഴിഞ്ഞദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ ആർ അനീഷിന്റെ അവയവങ്ങളാണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി വെച്ചത്. ശ്വാസകോശം, ഹൃദയം, ഒരു വൃക്ക എന്നിവ ഇന്നലെ മൂന്നുപേരിൽ തുടിച്ചു തുടങ്ങി. രണ്ട് നേത്രപടലങ്ങൾ ഐ ബാങ്കിലേക്ക് മാറ്റി.
