തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
അന്തിമ വോട്ടർപട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും.
അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.