പെരിന്തൽമണ്ണ: തിരക്കേറിയതും ടൗണിലെ പ്രധാന റിങ് റോഡുകളിലൊന്നുമായ ടൗൺഹാൾ റോഡിലെ കുഴികൾ ഭീഷണിയാകുന്നു. ചെറുവാഹനങ്ങൾ പലതും കുഴിയിൽ ചാടി അപകടമുണ്ടാകുന്നു. ഊട്ടി റോഡിൽനിന്ന് തുടങ്ങി പാലക്കാട് റോഡിൽ ജില്ലാ ആശുപത്രിക്കു മുന്നിൽ അവസാനിക്കുന്ന റോഡാണിത്. ഇതിൽ മാർക്കറ്റിലേക്കും നെഹ്രു സ്റ്റേഡിയത്തിലേക്കുമുള്ള റോഡ് തുടങ്ങുന്നിടത്താണ് അപകടമുണ്ടാക്കുംവിധം പലയിടത്തായി കുഴി രൂപപ്പെട്ടിട്ടുള്ളത്. ഇവിടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയാൽ കാര്യമായ അപകടമായിമാറുകയാണ്.
വിദ്യാർഥികളും സ്‌കൂളുകളിലേക്കും മാർക്കറ്റിലേക്കും വരുന്നവരുമായ ഇരുചക്രവാഹനക്കാരാണ് കൂടുതൽ പ്രയാസത്തിലായത്. കുഴി കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോൾ പിന്നിൽ വരുന്ന വാഹനം തട്ടാനുള്ള സാധ്യതയുമേറെയാണ്. നേരത്തെ കുറച്ചുമാറി കുഴിയുണ്ടായിരുന്നത് കോൺക്രീറ്റ് ഇട്ട് അടച്ചിരുന്നു. അപകടമുണ്ടാകാൻ കാത്തിരിക്കാതെ എത്രയും വേഗം കുഴി അടയ്ക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.