തിരുവനന്തപുരം: സംസ്ഥാനത്ത് 87 അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ശുപാർശ. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ശുപാർശ പരിഗണിച്ചേക്കും. തീരുമാനം ഉത്തരവായി ഇറക്കിയശേഷം സ്കൂൾ, കോഴ്സ് മാറ്റം എന്നിവ പരിഗണിക്കും.
കൂടുതൽ കുട്ടികൾ പ്രവേശനം നേടാനുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്, കാസർകോട് ജില്ലകളിലാണ് സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകൾ അധികമായി അനുവദിക്കുക. എന്നാൽ, ജില്ലയിൽ മുഴുവൻ അധിക ബാച്ചുകൾ നൽകില്ല. ഇനിയും പ്രവേശനം നേടാൻ കൂടുതൽ കുട്ടികളുള്ള പഞ്ചായത്തുകളിലെ സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കാനാണ് ശുപാർശ, കുട്ടികൾ കുറവുള്ള ബാച്ചുകൾ മാറ്റില്ല.
അധിക പ്ലസ് ടു ബാച്ച് അനുവദിച്ച് ഉത്തരവിറക്കിയ ശേഷം അവസാന സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ഈ വർഷത്തെ പ്രവേശന നടപടി ഓഗസ്റ്റ് നാലിന് പൂർത്തിയാക്കാനാണ് തീരുമാനം.