ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ ജയം. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്.
20 പോയിന്റു തന്നെയുള്ള എഫ്സി ഗോവ ഗോൾ ഡിഫറൻസിന്റെ കരുത്തിലാണ് ഒന്നാമതുള്ളത്. 24ന് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. പത്ത് മത്സരങ്ങളിൽനിന്ന് അഞ്ച് സമനിലയും അഞ്ച് തോൽവിയുമായി പഞ്ചാബ് 11–ാം സ്ഥാനത്താണ്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിര പഞ്ചാബിനെതിരെ ആദ്യ പകുതിയിൽ കിതച്ച ശേഷമാണു ലീഡെടുത്തത്.
49-ാം മിനിറ്റിൽ പഞ്ചാബ് ബോക്സിലേക്കു പന്തുമായി മുന്നേറിയ ഐമൻ പഞ്ചാബ് താരങ്ങളുടെ ഫൗളിൽ വീണുപോകുകയായിരുന്നു. ഐമൻ പെനൽറ്റിക്കായി വാദിച്ചതോടെ റഫറി കിക്ക് അനുവദിക്കുകയായിരുന്നു. പെനൽറ്റി കിക്കെടുത്ത ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് പിഴവുകളില്ലാതെ പന്തു വലയിലെത്തിച്ചു. സീസണിലെ ദിമിയുടെ അഞ്ചാം ഗോളാണ് ഇത്.