തിരുവനന്തപുരം:ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ കോപ്പിയടി നടന്ന സംഭവത്തിൽ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വച്ചെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കും. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് പ്രതിഫലമായി വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന ടെക്‌നീഷ്യന്‍ ബി ക്യാറ്റഗറി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഫോണും ബ്ലൂട്ടൂത്ത് ഉപകരണവും ഉപയോഗിച്ചുള്ള ഹൈടെക് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ബെല്‍റ്റ് കൊണ്ട് അരയില്‍ കെട്ടിവെച്ചും ബ്ലൂട്ടൂത്ത് ഉപകരണം പുറത്തുകാണാത്ത വിധത്തില്‍ ചെവിക്കുള്ളിലേക്ക് കയറ്റിവെച്ചുമാണ് പ്രതികള്‍ പരീക്ഷയ്ക്ക് എത്തിയത്. പ്രതികളെ പിടികൂടിയതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.