ഒരുമാസത്തെ ഇടവേള കഴിഞ്ഞു. ഐഎസ്എല്‍ ആരവം ഇന്നുമുതല്‍ വീണ്ടുമുയരും. പോരാട്ടം പഴയതിന്റെ തുടര്‍ച്ചയാണെങ്കിലും ഒരു മാസം മുന്‍പ് ബ്രേക്കെടുക്കുമ്പോഴുള്ള ചിത്രമല്ല ടീമുകളുടേത്. നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ മുതല്‍ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് വരെയുള്ള ടീമുകളില്‍ പലതും ആശങ്കയുടെ നിഴലിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളവരില്‍ ഗോവയും ഒഡീഷയും വര്‍ധിത വീര്യത്തോടെ കളത്തിലെത്തുമ്പോള്‍ കലിംഗ സൂപ്പര്‍ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ പിന്‍നിരയില്‍ നിന്നുള്ള കുതിപ്പും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ഒഡീഷയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.
