വൈക്കം: വൈക്കം ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ‘മുദ്രപ്പൊതി’ എന്നെഴുതി പൊതികളായാണ് സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്നത്.
വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ 2 പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ പൊതുവായി എഴുതിയിരുന്നത്. എന്നാൽ, തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.