കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും 12 ഓവറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.
ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്കോർ 153ൽ നിൽക്കെ അവസാന ആറ് വിക്കറ്റുകളും അവിശ്വസനീയമായി വീഴുകയായിരുന്നു. കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‍ലി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഒറ്റ റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് മടങ്ങിയത്.ഇതോടെ ഇക്കാര്യത്തിൽ നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ പേരിലായി. രണ്ട് ഇന്നിങ്സിലുമായി ദക്ഷിണാഫ്രിക്കയുടെ 13 വിക്കറ്റും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ പത്ത് വിക്കറ്റും ഉൾപ്പെടെ 23വിക്കറ്റുകളാണ് അദ്യദിനം വീണത്. 46 റൺസെടുത്ത വിരാട് കോഹ്‍ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.