ഒമാനുമായി ഡീലിനു ഒരുങ്ങി ഇന്ത്യ ;വൻ നികുതി ഇളവ് പ്രഖ്യാപിച്ചേക്കും

Business National

മസ്കറ്റ് : ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ഇതുസംബന്ധിച്ച് രണ്ട് തവണ വിശദമായ ചര്‍ച്ചകള്‍ കഴിഞ്ഞു. ഡല്‍ഹിയിലും മസ്‌കത്തിലുമായിട്ടായിരുന്നു ചര്‍ച്ചകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.

ഒമാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ഇറക്കുന്നത് പെട്രോളിയം ഉല്‍പ്പനങ്ങളാണ്. ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറക്കുന്നുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന്റെ അനുപാതം നോക്കിയാല്‍ ഒമാന്‍ ആണ് മുന്നിലുള്ളത്. എന്നാല്‍ പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പലവിധ നേട്ടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഒമാനില്‍ നിന്ന് ഇറക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് എന്നിവയ്ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ മാസം അവസാന വാരത്തോടെ ഇന്ത്യ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം. നികുതി ഇളവ് ചില വസ്തുക്കള്‍ക്ക് വേണമെന്ന് ഒമാന്‍ ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് പുതിയ ആലോചനകള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഒമാനില്‍ നിന്ന് 790 കോടി ഡോളറിന്റെ ചരക്കുകളാണ് ഇറക്കുമതി ചെയ്തത്. 460 കോടിക്കും വാങ്ങിയത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഈ ചരക്കുകള്‍ക്കാണ് നികുതി ഇളവ് ഇന്ത്യ പരിഗണിക്കുന്നത്. ഇന്ത്യ ഒമാനില്‍ നിന്ന് ഇറക്കുന്നതിന്റെ 73 ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളും യൂറിയയുമാണ്. അതേസമയം, ഒമാന്‍ ഇന്ത്യയില്‍ നിന്ന് 450 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്നാണ് കണക്ക്.

യുഎഇയും ഇന്ത്യയും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്താന്‍ സാധിച്ചത് വലിയ നേട്ടമായിരുന്നു. ഇതിലേക്ക് നയിച്ചത് വ്യാപാര കരാര്‍ ആണ്. ഒമാനുമായും രൂപയില്‍ വ്യാപാരം സാധ്യമായാല്‍ ഇന്ത്യയ്ക്ക് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്താനും കഴിയും. എണ്ണ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *