ചവറ: നീണ്ടകര ഹാര്‍ബറില്‍ മത്സ്യവ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. നീണ്ടകര, സ്റ്റീഫൻ ലാന്‍റില്‍ ജോണ്‍ (55), ഇയാളുടെ മകനായ അപ്പു എന്ന സ്റ്റാൻലി (29) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് എന്നയാളും പ്രതികളും തമ്മില്‍ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ വൈകീട്ടോടെ നീണ്ടകര ഹാര്‍ബറില്‍ വെച്ച് കമ്ബി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി ലൂക്കിനെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ലൂക്കിന്‍റെ ചെവിക്ക് പരിക്കേല്‍ക്കുകയും പല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു.
ചവറ സ്റ്റേഷൻ ഇൻസ്പെക്ടര്‍ കെ.ആര്‍. ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.