കോട്ടയത്ത് വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു

Kerala

കോട്ടയം: ബസ്സിൽ കയറാനായി റോഡ് മുറിച്ചു കടന്നെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു. ഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത്. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടിൽ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തോട്ടുവ – കുറുപ്പന്തറ റോഡിൽ കാഞ്ഞിരത്താനം ജങ്ഷനിലായിരുന്നു അപകടം. 

ജോസിയും ഭർത്താവ് തോമസും കുറുപ്പന്തറയിലേക്കു പോകാനായാണ് ഇവർ എത്തിയത്. ജോസി എതിർവശത്തു പരിചയക്കാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. തോമസ് ബസ് നിർത്തുന്ന വശത്തുമായിരുന്നു.  വൈക്കം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് തോമസ് കൈ കാണിച്ചു നിർത്തി. 

ഫാസ്റ്റ് പാസഞ്ചർ ബസ് ആയതിനാൽ തോമസ് ബസിൽ കയറിയില്ല. കണ്ടക്ടർ ഡബിൾ ബെൽ നൽകുകയും ചെയ്തു. കണ്ണാടിയിൽ ബസിന്റെ വാതിൽ ശ്രദ്ധിച്ച് ഡ്രൈവർ മുന്നോട്ടെടുക്കുന്നതിനിടെ, എതിർവശത്തു നിന്നിരുന്ന ജോസി ബസിൽ കയറാനായി ഓടിവരുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ജോസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞിരത്താനം സെന്റ് ജോൺസ് സ്കൂളിലെ ജീവനക്കാരിയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *