കോട്ടയം: കോഴിയിറച്ചി കടയുടെ ഇറച്ചിവെട്ടുന്ന പലകയുടെ അടിയിൽ ഒളിപ്പിച്ച് മാസങ്ങളായി മയക്ക് മരുന്ന് വില്പന നടത്തിയവരെ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബിയുടെ നേതൃത്വത്തിൽ പിടികൂടി. ആസ്സാം സ്വദേശികളായ ഹബീബുള്ള (23) റഷി ദ്ദുൾ ഹക്ക് (28 ) എന്നിവരാണ് പിടിയിലായത് . ഇവരുടെ കൈയ്യിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്സൈസ് സംഘം വേഷം മാറി ഇവരെ നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യിൽ വേറെ പൊതിയും കൊടുക്കുന്നത് കണ്ട് എക്സൈസ് പിടിവീഴുകയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തിൽ കടപരിശോധി ച്ചപ്പോൾ ഏവരും ഞെട്ടി. കോഴിക്കൂട്ടിലും, ഇറച്ചിവെട്ടുന്ന മാമ്പലകയ്ക്കടിയിലും കഞ്ചാവ് പൊതികൾ. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് എക്സൈസ് കരുതുന്നു. ഇവരെ പിടികൂടുവാൻ തുടരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ് രാജ് ബി , ബാലചന്ദ്രൻ എ, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി എം എക്സൈസ് ഡ്രൈവർ അനസ് സി .കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.