കോൺഗസ് നേതൃ യോഗം ഇന്ന് ഡൽഹിയിൽ

Kerala National

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പും ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളും വിലയിരുത്താൻ എഐസിസി നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവയും യോഗത്തിൽ ചർച്ചയാവും. എഐസിസി ഭാരവാഹികൾക്ക് പുറമെ പിസിസി അധ്യക്ഷൻമാർ നിയമസഭാ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പുറമേ കേരളത്തിൽ നിന്നുള്ള മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, നിയമസഭാ കക്ഷി നേതാവ് വി.ഡി. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം അമേരിക്കയിൽ ചികിത്സയിലാതിനാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പങ്കെടുക്കില്ല. ഈ മാസം 14 നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്. മാർച്ച് 20 ന് യാത്ര മുംബെയിൽ സമാപിക്കും.

പ്രതിദിനം 120 കിലോമീറ്റർ സഞ്ചരിച്ച് 66 ദിവസം കൊണ്ട് ഇംഫാലിൽ നിന്ന് മുംബൈയിൽ എത്താനാണ് തീരുമാനം. പ്രത്യേകം സജ്ജമാക്കിയ ബസിലാണ് യാത്രയെങ്കിലും ദിവസവും 5-10 കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ പദയാത്ര ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഉറപ്പുകൾ ഭാരത് ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി വിശദീകരിക്കും. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്കാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഊന്നൽ നൽകിയത്. ന്യായ് (നീതി) എന്ന അംശമാണ് ഇത്തവണത്തെ യാത്രയിൽ ഉയർത്തിക്കാട്ടുന്നത്.

യുവാക്കൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി യാത്രയ്ക്കിടെ ബസിനുള്ളിലായിരിക്കും രാഹുൽ ഗാന്ധി സംവദിക്കുക. യാത്ര തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. യാത്രയുടെ റൂട്ട് അടക്കം അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്ന് മാധ്യമവിഭാഗത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. യാത്ര കടന്നുപോകുന്ന 14 സംസ്ഥാനങ്ങളിലെയും പാർട്ടി അധ്യക്ഷന്മാർ നാളത്തെ യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *